തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കാനില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. മത്സരിക്കേണ്ടതില്ല എന്നാണ് താൻ വിചാരിക്കുന്നത്, എന്നാൽ പാർട്ടി എന്ത് തീരുമാനം എടുത്താലും അനുസരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.
നേമത്തിന് പകരം തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടാനാണ് ശിവൻകുട്ടി ആഗ്രഹിക്കുന്നതെന്നാണ് സൂചന. എന്നാൽ ബിജെപിക്ക് ഏറ്റവും വിജയസാധ്യതയുള്ള നേമത്ത് ശിവൻകുട്ടിയെ തന്നെ മത്സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്. നേമത്ത് മത്സരിക്കാൻ ശിവൻകുട്ടിക്ക് മേൽ പാർട്ടി സമ്മർദം ചെലുത്തുമെന്നാണ് വിവരം.
ബിജെപിക്ക് വേണ്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെ നേമത്ത് മത്സരിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. 2016ൽ മുതിർന്ന നേതാവ് ഒ. രാജഗോപാലിലൂടെ സ്വന്തമാക്കിയ മണ്ഡലത്തിൽ വീണ്ടും വിജയം നേടാം എന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ 2021ൽ ബിജെപിയിൽ നിന്ന് തിരിച്ചുപിടിച്ച മണ്ഡലത്തിൽ വിജയം തുടരാം എന്ന പ്രതീക്ഷയിലാണ് സിപിഎം.